Help yourself today to safeguard your kid's future


എനിക്ക് പറയാനുള്ളത് മാനസികരോഗമുള്ളവരെ കുറിച്ചല്ല. അവരുടെ കുഞ്ഞുങ്ങളെ കുറിച്ചാണ്. മാതാപിതാക്കളുടെ മനസ്സിന്റെ താളപ്പിഴകൾ ഏറ്റവും ബാധിക്കുന്നതു കുട്ടികളെയാണ്. മറ്റുള്ളവർക്ക് തിരിച്ചറിയാൻ പറ്റാവുന്ന വിധം അസ്വസ്ഥതകളുള്ളവർ ചിലപ്പോൾ വിവാഹ ജീവിതത്തിലേക്കെത്തുന്നില്ല, അല്ലെങ്കിൽ കുറഞ്ഞ പക്ഷം അവരുടെ കുട്ടികൾ അവരുടെ പരിരക്ഷയിൽ ആകില്ല വളരുന്നത്, അതും ശരിക്കും ഭയാനകം തന്നെയാണ്.


പക്ഷെ മറ്റുള്ളവരുടെ മുന്നിൽ അത്രയ്ക്കങ്ങു വെളിപ്പെടാത്ത മാനസികപ്രശ്നങ്ങൾ ഇല്ലേ? ദേഷ്യം നിയന്ത്രിക്കാനാകാതെ ആഹാരം തട്ടി തെറിപ്പിച്ചു പോകുന്ന അച്ഛനെ, എത്ര സ്നേഹിച്ചാലും തെല്ലൊരു പേടിയോടെ അല്ലെ ഒരു കുഞ്ഞിന് ഓർക്കാൻ പറ്റൂ. പക്ഷെ പുറംകാഴ്ച്ചയിൽ എന്താണ് അവനിത്തിരി ദേഷ്യമുണ്ടെന്നേയുള്ളൂ, ഇതിനൊക്കെ ചികിൽത്സയോ? ഇതാവും മനോഭാവം.

ഭാര്യയുടെയും മക്കളുടെയും സുരക്ഷയെന്ന പേരിൽ അവരെ വീടിനുള്ളിൽ അടച്ചിട്ടു വീടിന്റെ പിന്നിലെ ഗേറ്റ് തുറന്നു ഒരു കിലോമീറ്ററോളം ചുറ്റി ടൗണിൽ പോയിരുന്ന ഒരു ബന്ധു ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭയം ചികിത്സ തേടേണ്ട ഒന്നാണെന്ന് ഒരാൾക്കും തോന്നിയിരിക്കില്ല. പക്ഷെ ഭയം കുട്ടികളെ കൊണ്ടെത്തിച്ചത് അതിലും വലിയ പെരുമാറ്റ വൈകല്യങ്ങളിലേക്കാണ്.



ഇനിയൊരു അമ്മയുണ്ട്, മകനെ വയറ്റിൽ ചുമക്കുമ്പോൾ ഭർത്താവിന്റെ തല്ലുകൊണ്ട് മനസ്സിന്റെ നില തെറ്റിപോയ സ്ത്രീ. മാനസ്സിക നില തെറ്റിയ അമ്മയുടെ കൂടെ മൂത്ത മകളെ അയച്ചില്ല, ജനിച്ച നാൾ മുതൽ 40 വർഷത്തോളം അമ്മയോട് കൂടി കഴിഞ്ഞിരുന്ന മകന്റെ അവസ്ഥ എനിക്ക് ഓർക്കാൻ വയ്യ. ഒരു കൂട്ടുകുടുംബത്തിൽ അയാളുടെ ആവശ്യങ്ങൾ ഒക്കെ നടത്തി കൊടുക്കാൻ ആളുണ്ടായിരുന്നു. പക്ഷെ അയാളെ ഞാൻ സന്തോഷിച്ചു കണ്ടിട്ടില്ല. ഞാൻ കേട്ടിട്ടുണ്ട് ഉറക്കത്തിനിടയ്ക്കു ഞെട്ടി എഴുന്നേറ്റു അടിക്കരുതെന്നു നിലവിളിക്കുന്ന അവരെ. ഇന്നും അവർ ഏതോ നിഴലിനോട് വഴക്കിടും, തല്ലരുതെന്നു അപേക്ഷിക്കും. ഇതൊക്കെ കേട്ട് വെറുതെ പുറത്തേയ്ക്കു നോക്കിയിരിക്കുന്ന ഇരുപതു വയസ്സുകാരനെ ഇന്നും എനിക്ക് ഓർമയുണ്ട്. എന്റെ അറിവിൽ അവരെ ഡോക്ടറെ കാണിക്കാറുണ്ട്. അക്രമാസക്തമാകാതിരിക്കാൻ ഉള്ള ഒരു മുൻകരുതൽ പോലെ. കുടുംബത്തിലെ ഒരു ചടങ്ങുകൾക്കും അവരെ കൊണ്ട് പോകാറില്ല. വീടിനു പുറത്തു ഇറങ്ങാൻ അവർക്കു ഭയമാണ്. കുറെ മരുന്ന് കൊടുക്കുക എന്നത് മാത്രമാണോ മാനസിക രോഗത്തിന്റെ ചികിത്സ.

ഇനിയൊരു കുഞ്ഞുണ്ട് അർദ്ധ രാത്രി അച്ഛനമ്മമാരുടെ വഴക്കു കേട്ട് ഞെട്ടി ഉണരുന്ന കുട്ടി, ചുറ്റുവട്ടത്തുള്ള ഓരോ സ്ത്രീകളെ ചേർത്ത് ഭർത്താവിനെ സംശയിക്കുന്ന ഭാര്യ, രണ്ടു പേരും ജോലിക്കാർ ആയതു കൊണ്ട് വഴക്കു തുടങ്ങുന്നത് രാത്രിയാവും. കുഞ്ഞുങ്ങൾ വളരും തോറും വഴക്കിന്റെ കാര്യകാരണങ്ങൾ അവരുടെ മുന്നിൽ വിവരിക്കൽ ആയി. ചുറ്റുവട്ടത്തുള്ള ആരെ കണ്ടാലും തല താഴ്ത്തി പോകേണ്ടി വരുന്ന കുഞ്ഞുങ്ങളെ ഓർക്കാൻ പറ്റുമോ? ആയമ്മ വഴക്കുണ്ടാക്കാത്ത ഒരാൾ പോലും കാണില്ല അയൽ പക്കങ്ങളിൽ. കുഞ്ഞുങ്ങൾ ഒരു കൂട്ടത്തിനുള്ളിൽ എന്നും ഒറ്റപെട്ടുകൊണ്ടേയിരിക്കും.


ചിലർ പോയി നിൽക്കുന്നത് അന്ധവിശ്വാസങ്ങളിൽ ആകും. എനിക്കൊരു സുഹൃത്തുണ്ട്, അവളുടെ അമ്മയ്ക്കു ഉറങ്ങാൻ പറ്റില്ല. ചെവിയിൽ ശബ്ദം കേട്ട് കൊണ്ടേയിരിക്കും. രാവ് പുലരും വരെ അവർ ഉണർന്നിരിക്കും. നാമം ജപിക്കും, തിരി കത്തിച്ചു പ്രാർത്ഥിക്കും. പകൽ ഉറങ്ങും കുറെ. അപ്പൊ തോന്നും പകൽ ഉറങ്ങുന്നില്ലേ എന്ന്. രാത്രി ഉണർന്നെണീക്കുമ്പോൾ പെട്ടെന്ന് അമ്മയെ കാണാതാകുന്ന 3 വയസ്സുകാരിയെ മനസ്സിൽ കാണാൻ പറ്റുന്നുണ്ടോ? അയല്പക്കത്തു കളിയ്ക്കാൻ പോകുമ്പോൾ സ്വന്തം ശരീരത്തിൽ ഉണ്ടാകുന്ന സ്പര്ശങ്ങളുടെ അർഥം മനസ്സിലാകാത്ത 6 വയസ്സുകാരിയെ കാണാൻ പറ്റുന്നുണ്ടോ? രാത്രി വീട് മുഴുവൻ ഇരുട്ടത്ത് പകലെന്നപോലെ നടക്കുന്ന അമ്മയെ കണ്ടു ഭയന്ന് എട്ടു വയസ്സിൽ മുറി പൂട്ടി ഉറങ്ങി ശീലിച്ച കുഞ്ഞിനെയോ? തനിക്കു 6 വയസ്സിൽ നടന്നതെന്തെന്നു 14 വയസ്സിൽ മനസ്സിലാക്കിയവൾ പറഞ്ഞത് എന്റെ മുന്നിലിരുന്നാണ്. പ്രണയിക്കാൻ അവൾ ഭയന്നതും അതുകൊണ്ടാണ്. അവളുടെ തെറ്റൊന്നുമില്ല അതിൽ,അവൾക്കൊന്നും സംഭവിച്ചിട്ടുമില്ല എന്ന് നന്നായി അറിഞ്ഞിട്ടു കൂടി പിന്നൊരിക്കലും വിഷാദത്തിൽ നിന്നും അവൾ പുറത്തു വന്നിട്ടില്ല. ഒരു ഭാഗ്യമുണ്ട്, അവൾക്കുറങ്ങാനാകും. പക്ഷേ ഇന്നും അവൾക്കു അമ്മയോട് അകൽച്ചയാണ്. ദേഷ്യം അമ്മയുടെ രോഗാവസ്ഥയോടല്ല, ചികിത്സ തേടാൻ വൈകിയ വേളയിൽ പോലും തയ്യാറാകാത്തത് ഓർത്ത്. അമ്മയിൽ നിന്നും അവൾക്കും കിട്ടിയിട്ടുണ്ട് പലപ്പോഴും നിയന്ത്രണത്തിൽ നിൽക്കാത്ത ഒരു മനസ്സ്. പക്ഷെ തന്റെ കുഞ്ഞുങ്ങൾ അതെ ജീവിതം ജീവിക്കാതിരിക്കാൻ ചെയ്യാൻ പറ്റുന്നതെല്ലാം അവൾ ചെയ്യാറുണ്ട്. എങ്കിലും പെട്ട് പോകാറുണ്ട് വിഷാദത്തിന്റെ ചുഴിയിൽ.


ഇനിയൊരുത്തി ഉണ്ട്. അതും വിശ്വാസങ്ങളിൽ ചുറ്റപെട്ടു പോയ ഒരമ്മ വളർത്തിയ കുട്ടി. ചുറ്റുമുള്ളവർ എല്ലാം തനിക്കെതിരെ കൂടോത്രം ചെയ്യുവാണ്, തന്റെ മേൽ ബാധയുണ്ട് എന്നൊക്കെ വിശ്വസിച്ചു പരിഹാര ക്രിയ ചെയ്യാൻ നടക്കുന്ന ഒരമ്മ. ജ്യോത്സ്യന്മാരും, പൂജാരികളും എന്തിനു മന്ത്രവാദികൾ വരെ ഇതിനെല്ലാം പരിഹാരം ഉണ്ടാക്കാം എന്ന് പറഞ്ഞു അവരെ പറ്റിച്ചു, കാശിനു ദൈവത്തെ കൂട്ടുപിടിക്കാൻ ആണല്ലോ എളുപ്പം. ഒരു കയ്യിൽ വായിച്ചു പകുതിയായ പൂമ്പാറ്റയും വെച്ച് മിട്ടായിയും തിന്നു അവൾ ഒരു അരികത്തിരിക്കും. ബാധ ഒഴിപ്പിക്കലൊക്കെ ഒരു കുഞ്ഞിന് കണ്ടു നിൽക്കാൻ പറ്റുന്നതാണോ? തൊട്ടുമുന്നിൽ അമ്മ വേറെന്തോ പോലെ ചേഷ്ടകൾ കാണിക്കുമ്പോൾ ആരെയും അറിയാത്ത ഒരിടത്ത്, ഒറ്റക്ക് ഒരരികത്ത്. പൂജാരിയുടെ കയ്യിലെ ചൂരൽ ഉയർന്നു താഴുന്നത് എത്ര വേഗത്തിലാണെന്നോ? കാണുമ്പൊൾ ഞെട്ടും. ഞെട്ടൽ ഇന്നും ഉണ്ടാകാറുണ്ട് അവൾക്ക്, എത്ര ഉണർച്ചയിലും.


എഴുതിയതിൽ ഞാൻ ഉണ്ടോ എന്നു തിരഞ്ഞു ആരും വരില്ല എന്ന് പ്രതീക്ഷിക്കുന്നു... കാരണം ഇതിൽ എവിടെയൊക്കെയൊ നിങ്ങളിൽ ചിലരും കാണും;ചിലപ്പൊൾ ഞാനും. ഇനിയും ഒരുപാടു കുഞ്ഞുങ്ങളെ കുറിച്ച് എനിക്ക് പകർത്തിയെഴുതാൻ പറ്റും. 100 കണക്കിന് പെരുമാറ്റ വൈകല്യങ്ങൾ ഉണ്ട് നാം ശ്രദ്ധിക്കേണ്ടതായി. നമ്മുടെ കുഞ്ഞുങ്ങളെ ബാധിച്ചേക്കാവുന്നവയായി. അവർ അറിയാതെ അവർ ശീലിച്ചു പോയേക്കാവുന്നവയായി. അവരുടെ വർത്തമാനത്തെയും ഭാവിയെയും നിറമറ്റതാക്കുന്നവയായി. പക്ഷെ വെറുതെ എഴുതി നിറച്ചിട്ടെന്തിനാ...


നമ്മുടെ കുഞ്ഞുങ്ങൾ, അവർക്കു ഓർക്കുവാൻ ഒരു നല്ല ഓർമ്മ കൂടി കൊടുക്കാതെ അവരുടെ ബാല്യം നശിപ്പിയ്ക്കാതിരിക്കാൻ, ഭാവിയിൽ അവരുടെ മാനസികാരോഗ്യം ഒരു ചോദ്യമാകാതിരിക്കാൻ, ഇന്ന് നാം സ്വയം സഹായിക്കുക. പുറത്തു കടക്കാൻ പറ്റിയേക്കാവുന്ന ഒരു കടലിൽ ശ്വാസം കിട്ടാതെ എന്തിനൊടുങ്ങണം നാം

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രദീപ്

Baby Manchi vs Union of India