പ്രദീപ്


 പറഞ്ഞു വരുന്നതെൻറെയൊരു നാട്ടുകാരനെ കുറിച്ചാണ്. പ്രദീപ് (പേര് മാറ്റിയിട്ടുണ്ട്), ഞങ്ങൾ സമപ്രായക്കാരായിരുന്നു. മരിച്ചുപോയൊരാളെ കുറിച്ച് പറയുമ്പോൾ ആയിരുന്നു എന്ന് തന്നെയല്ലെ പറയേണ്ടത്?


അച്ഛന്റെ പരിചയക്കാരൻ ആയിരുന്നു പ്രദീപ്. അവൻ ഗേറ്റിൽ എത്തി ഹോൺ അടിക്കുമ്പോൾ ഞങ്ങൾ പറയും അച്ഛന്റെ ഫ്രണ്ട് വന്നു എന്ന്. 35 വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും അച്ഛനും അവൻ സുഹൃത്തിനെ പോലെതന്നെ ആയിരുന്നു. അച്ഛൻ കൃഷി വകുപ്പിൽ ജോലി ചെയ്തിരുന്ന കാലത്തേ ഉള്ള പരിചയം ആണ്. സർവീസിലെ അവസാന വർഷങ്ങളിൽ ചിലതു ഡെപ്യൂട്ടെഷനിൽ CADA-യുടെ ഞങ്ങളുടെ ഗ്രാമം ഉൾപ്പെടുന്ന ഡിവിഷനിൽ ആയിരുന്നു അച്ഛൻ ജോലി ചെയ്തിരുന്നത്. നെയ്യാർ ജലസേചനപദ്ധതിയുടെ ഭാഗമായ നെയ്യാർ ഡാം ഞങ്ങളുടെ ജില്ലയിലാണ്. ജില്ലയുടെ പല ഭാഗങ്ങളിലേക്കു കനാലുകൾ വഴി കാർഷികാവശ്യത്തിനായി അവിടെനിന്നും ജലം എത്തിക്കുന്നു. അത്തരം ഒരു കനാൽ ഞങ്ങളുടെ ഗ്രാമത്തിലൂടെയും കടന്നു പോകുന്നുണ്ട്. കേരളത്തിലെ ജലസേചന പദ്ധതികളുടെ പ്രയോജനം പൂർണ്ണമായും കാർഷിക പദ്ധതികൾക്ക് വേണ്ടി ലഭ്യമാക്കുന്നതിനായി 1986 -ലെ The Kerala Command Areas Development Act ന്റെ ഭാഗമായി നിലവിൽ വന്ന ഒരു പദ്ധതിയായിരുന്നു CADA (Command Area Development Authority). ജലസേചന പദ്ധതികളുടെ ഭാഗമായ കനാലുകൾ കടന്നു പോകുന്നതിന് ഇരുവശവുമായുള്ള കരഭൂമിയിലെ കാർഷിക വൃത്തി പ്രോത്സാഹിപ്പിക്കുന്നതിനും കർഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി കേരളം സർക്കാർ ആവിഷ്കരിച്ച ഒരു പദ്ധതി. നിരവധി കനാൽ കമ്മറ്റികൾ, കർഷക സമിതികൾ, അവയുടെ ഭാഗമായ കർഷക ചന്തകൾ എന്നിവ കർഷകരുടെ ജീവിത നിലവാരത്തിൽ കാര്യമായ ഒരു മാറ്റം വരുത്തിയിരുന്നു അക്കാലങ്ങളിൽ.

കാർഷിക വകുപ്പിൽ ജോലി ചെയ്തിരുന്നത് കൊണ്ടും ഒരേ നാട്ടുകാരൻ ആയതു കൊണ്ടും കർഷക സമിതികളിൽ നിന്നും പലരും അച്ഛനെ കാണാൻ വരുമായിരുന്നു വീട്ടിൽ. അത്തരത്തിൽ ആരേലും വരുന്നത് എനിക്കും അനിയനും വലിയ സന്തോഷമായിരുന്നു. സാധാരണ അച്ഛൻ വരുമ്പോഴേക്കും ആറേഴു മണിയാകും. അതിനു ശേഷം ആരേലും വന്നാൽ പിന്നെ അച്ഛൻ ഫ്രീയാകുമ്പോൾ കുറഞ്ഞത് ഒൻപതു മണിയാകും. അപ്പോഴേയ്ക്കും ഞങ്ങളുടെ പഠിത്തവും അത്താഴവും കഴിഞ്ഞു മുറിയിൽ കയറിയിരിക്കും. അങ്ങനെ വന്നിരുന്ന എത്രയോ പേരിൽ നിന്നും പ്രദീപിനെ ഓർത്തിരിക്കുന്നതിന് ഒരു കാരണം അച്ഛൻ അവനു കൊടുക്കുന്ന പ്രാധാന്യവും പിന്നെ അവന്റെ ചിരിയുമാണ്.


പ്രദീപിനെ എവിടെ കണ്ടാലും എനിക്ക് ചിരി വരുമായിരുന്നു. അത് അവന്റെ ശരീര പ്രകൃതി കൊണ്ടോ മറ്റോ അല്ലായിരുന്നു.. അവനെ കണ്ടാൽ എനിക്ക് ചിരി വരും, നിയന്ത്രിക്കാൻ പറ്റില്ല. പിന്നെ പിന്നെ അവനും ചിരിക്കും. ചുരുക്കത്തിൽ ചിരിച്ചു കൊണ്ടല്ലാതെ അവനെ കണ്ടതായി എനിക്ക് ഓർമയില്ല. പത്തു കഴിഞ്ഞ സമയത്താണ് അവനെ ആദ്യമായി കാണുന്നത്. പ്രീ ഡിഗ്രി പ്രൈവറ്റ് ആയി പഠിച്ചു. അതോടെ പഠിത്തം നിർത്തി എന്നാണ് എന്റെ അറിവ്. പിന്നെ മറ്റുള്ളവരുടെ കൃഷി സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്നു കുറെ നാൾ. പിന്നെ പിന്നെ സ്ഥലം പാട്ടത്തിനു എടുത്തു കൃഷി ചെയ്തു തുടങ്ങി. ഞങ്ങളുടെ മണ്ണിനു കൂടുതൽ യോജിച്ചതായതു കൊണ്ടാവാം വാഴ, മരച്ചീനി, പിന്നെ പച്ചക്കറികൾ എന്നിവയാണ് പ്രധാനമായും അവിടെ കൃഷി ചെയ്തിരുന്നത്.

ഇടയ്ക്കെപ്പോഴോ അവനു താത്കാലികമായ സർക്കാർ ജോലി കിട്ടിയിരുന്നു. താൽക്കാലികം എങ്കിലും മരിക്കും വരെ ജോലി ഉണ്ടായിരുന്നു. ഇടയ്ക്കിടെ നാട്ടിൽ അവൻ സ്ഥലം വാങ്ങിച്ചെന്നും, അവന്റെ ജോലി സ്ഥിരം ആയേക്കുമെന്നും, വളരെ പഠിപ്പുള്ള പെൺകുട്ടിയുമായി കല്യാണം ഉറപ്പിച്ചെന്നും, വീട് വച്ചെന്നും ഒക്കെ ചായക്ക്മേമ്പൊടി ആയി കേട്ട് തുടങ്ങി. ഒരിക്കൽ മധുരയിൽ ഹോസ്റ്റലിൽ അച്ഛൻ കാണാൻ വന്നപ്പോൾ കൂടെ വന്നത് പ്രദീപ് ആയിരുന്നു. ഇത്രകാലമായി കാണുന്ന രണ്ടു പേരായിട്ടും അധികമെന്നല്ല, തീരെ മിണ്ടിയിട്ടില്ല ഞങ്ങൾ. പക്ഷെ അത്രയും പ്രസന്ന വദനനായ ഒരാളെ ഞാൻ കണ്ടിട്ടേ ഇല്ല. ഒറ്റതവണയേ ചിരിക്കാതെ അവനെ ഞാൻ കണ്ടിട്ടുള്ളു ഒരു ഫോട്ടോയിൽ ആണ്. അടുത്തടുത്ത വയലുകൾ ആണ് ഞങ്ങളുടേത്, മൂന്നു വർഷം മുന്നേയൊരു കാറ്റിൽ കുല വരാറായി നിന്ന വാഴകളൊക്കെയൊടിഞ്ഞു പോയി. നഷ്ടപരിഹാരത്തിന് അപേക്ഷിക്കുമ്പോൾ ഫോട്ടോ വേണം. അച്ഛന്റെ ഫോട്ടോ എടുത്തപ്പോൾ അനിയൻ അതെനിക്കയച്ചു തന്നു. ഒരിക്കലും നട്ടു വളർത്തിയ അച്ഛനു തോന്നിയ ഫീൽ ആകില്ലല്ലോ ഞങ്ങളുടേത്. അയച്ചു തന്നത് തമാശ പോലെ ആണ്. അതിൽ പ്രദീപ് അപേക്ഷയ്ക്കായി എടുത്ത ഫോട്ടോയും ഉണ്ടായിരുന്നു.

നാട്ടിൽ അവസാനമായി പോയപ്പോഴും അവനെ കുറിച്ച് കേട്ടതൊക്കെ നല്ലതു തന്നെയായിരുന്നു. അച്ഛനു ഒരു മൈനർ അറ്റാക്ക് കഴിഞ്ഞതിൽ പിന്നെ ഞങ്ങളുടെ വയലും പ്രദീപ് ആയിരുന്നു പാട്ടത്തിനു എടുത്തിരുന്നത്. അവനെക്കാൾ അച്ഛൻ പറയുന്നത് ശ്രദ്ധയോടെ കേട്ട് നിൽക്കാൻ വേറെ ആർക്കും കഴിയില്ല എന്ന് തോന്നിയിട്ടുണ്ട്. ഒരു ദിവസം വെറുതെ ഫേസ്ബുക്ക് നോക്കിയിരിക്കുമ്പോൾ ആണ് ഓൺലൈൻ ന്യൂസ് അപ്ഡേഷനിൽ കടബാധ്യത കാരണം കർഷകൻ ആത്മഹത്യ ചെയ്തു എന്ന് കണ്ടത്. പൊതുവെ ഞാൻ വായിക്കാറില്ല അത്തരം വാർത്തകൾ, പക്ഷെ സ്ക്രോൾ ചെയ്യും മുന്നേ അവന്റെ ഫോട്ടോ കണ്ടു. ഒട്ടും വിശ്വസിക്കാൻ പറ്റിയില്ല. വേറാര് ആത്മഹത്യ ചെയ്താലും അവൻ അത് ചെയ്യുമെന്ന് വിശ്വസിക്കാൻ പറ്റിയില്ല. ഒട്ടും സുഗമമായ ഒരു ജീവിതം അല്ലായിരുന്നു അവന്റേത്, ഒരിക്കലും. സാഹചര്യങ്ങളോട് പൊരുതി തന്നാണ് എല്ലാം സാധിച്ചെടുത്തത്. 35 വയസ്സിൽ ഒരിക്കൽ കൂടി പൊരുതി നോക്കാനുള്ള മനശക്തി അവനിൽ അവശേഷിക്കാതെ പോയിരുന്നോ?

വൈറ്റ് കോളർ ജോലി മാത്രം നോക്കി ഇരിക്കരുത് എന്ത് ജോലിയും ചെയ്യണം എന്നൊക്കെയെത്ര പറഞ്ഞിട്ടും കാര്യമില്ല.. കുറഞ്ഞ വേതനം, കുറഞ്ഞ വില, ഉല്പന്നങ്ങളുടെ സമയബന്ധിതമായ സംഭരണം, കാർഷിക വിളനഷ്ടത്തിന് ഇൻഷുറൻസ് ഇതൊക്കെ ഉറപ്പു വരുത്താതിരുന്നാൽ എത്ര പേർക്ക് മുന്നോട്ടു പോകാൻ ആകും. ഒരു വശത്തു കർഷകർക്ക് ഉത്പന്നങ്ങളുടെ മിനിമം വില ഉറപ്പു നൽകുന്ന കർഷക ചന്തകൾ ഇല്ലാതാക്കുകയും, താങ്ങുവില നൽകി സർക്കാർ ഉത്പന്നങ്ങൾ സംഭരിക്കുന്നതിനിൽ നിന്നും പിന്നോട്ട് പോകാനും തുടങ്ങുന്നു. മറുവശത്ത് അവശ്യ സാധന നിയന്ത്രണ നിയമം പിൻവലിക്കുകയും കോൺട്രാക്ട് ഫാർമിംഗ് നിയമവിധേയമാക്കുകയും ചെയ്യുന്നു.

ഇതൊക്കെ ശരിക്കും കർഷകരുടെ ഉന്നമനത്തിനു എന്ന് കർഷകർ കരുതണം. സർക്കാരിനോട് സഹകരിക്കണം.. ആർക്കും തെരുവിലേയ്ക്ക് തെളിച്ചിറക്കാൻ പറ്റുന്ന ആട്ടിന്കൂട്ടങ്ങൾ അല്ലയീ മനുഷ്യർ... ആദ്യം ചിന്താശേഷിയുള്ളവർ ആണ് കർഷകരെന്നു അവരെ ഭരിക്കുന്നവർ മനസ്സിലാക്കണം... അവരുടെ നിലനിൽപ്പ് കൂടി ഇല്ലാതായപ്പോൾ ആണ് അവർ ഇറങ്ങുന്നത്... ഭയപ്പെടുത്തി തിരികെയോടിക്കാൻ നിങ്ങളുടെ പടക്കോപ്പുകൾ മതിയായെന്നു വരില്ല ചിലപ്പോൾ...
കർഷക സമരത്തെ പിന്തുണയ്ക്കുന്നവർ ഒരുപാടുണ്ട്, പക്ഷേ വാക്കുകൾക്ക് ലോകം കാതോർക്കുവർ കൊടുക്കുന്ന പിന്തുണയ്ക്കു reach കൂടുതലാണ്....

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Help yourself today to safeguard your kid's future

Baby Manchi vs Union of India