Baby Manchi vs Union of India
കഥ തുടങ്ങുന്നത് 2007-ൽ ആണ്...
2007 നവംബറിൽ ജാപ്പനീസ് ദമ്പതികളായ ഇകുഫുമി യും യുകി യമദായും ഇന്ത്യയിൽ എത്തുന്നു....
കൃത്യമായി പറഞ്ഞാൽഗുജറാത്തിലെ ആനന്ദിൽ " ആകാംഷ " എന്ന് പേരുള്ള ഒരു വന്ധ്യത നിവാരണ കേന്ദ്രത്തിൽ....
ഉദ്ദേശ്യം ആയിടെ ഒരു ബ്രിട്ടീഷ് ദമ്പതികൾക്ക് വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളെ സമ്മാനിച്ച് പൊടുന്നനെ മാധ്യമശ്രദ്ധ നേടിയ ഗൈനക്കോളജിസ്റ് Dr നയന പട്ടേലിനെ കാണുക.
2002-ൽ മാത്രം പ്രവർത്തനം ആരംഭിച്ച ആകാംഷ ക്ലിനിക് അറിയപ്പെട്ടു തുടങ്ങിയത് ഈ സംഭവത്തോടെയാണ്... ആദ്യമാദ്യം പ്രവാസികളായ ഇന്ത്യൻ ദമ്പതികൾ ആയിരുന്നു അവരെ തേടി എത്തിയിരുന്നതെങ്കിലും പിന്നീടത് വിദേശികളായി..
എന്തൊക്കെയായാലും ഇന്ത്യയിലെ ചെറു പട്ടണത്തിലെ ഒരു വന്ധ്യതാ നിവാരണ കേന്ദ്രം ഒരു രാത്രികൊണ്ട് വന്ധ്യതാ നിവാരണ ചികിത്സാ കമ്പോളത്തിൽ അതിന്റേതായ ഇടം പിടിച്ചു....
തങ്ങളുടെ കുട്ടിയെ വഹിക്കാനുള്ള വാടക ഗർഭപാത്രം തേടിയെത്തിയ ആ ദമ്പതിമാർക്ക് നിരാശരാകേണ്ടി വന്നില്ല.... പ്രീതി ബെൻ മേത്ത എന്നൊരു വീട്ടമ്മയെ ഡോക്ടർ അവർക്കായി കണ്ടു പിടിച്ചു കൊടുത്തു...
ഇവിടെ ആദ്യമുദിക്കുന്ന ചോദ്യം എന്തു കൊണ്ട് യമദാ ദമ്പതികൾ ഇന്ത്യ പോലെ ഒരു വികസ്വര രാഷ്ട്രത്തിലേയ്ക്ക് വന്നു എന്നതാണ്...
അക്കാലത്ത് പല പാശ്ചാത്യ രാജ്യങ്ങളിലും കഠിനമായ നിയന്ത്രണങ്ങൾ surrogacy ക്കു നിലവിലിരിക്കെ താരതമ്യേനെ ലളിതമായ നടപടി ക്രമങ്ങളുള്ളതും കുറഞ്ഞചിലവിൽ ദാതാക്കളെ കണ്ടെത്താമെന്നതും ദാതാക്കളുടെ ഉയർന്ന ലഭ്യതയും തന്നെയാവും ഇന്ത്യയെ ഈ വിപണിയിൽ ആകർഷകമാക്കി നിർത്തിയത്......
ഇതിലും പ്രധാനമായ കാരണം വന്ധ്യതാ നിവാരണ കേന്ദ്രങ്ങളുടെ ആധിക്യം തന്നെയാണ്....
ആകാംഷ ക്ലിനിക് യമദാ ദമ്പതികൾക്കായി ഇകുഫുമി യമദയുടെ ബീജവും പേരു വെളിപ്പെടുത്താത്ത ഒരു ഇന്ത്യൻ സ്ത്രീയുടെ അണ്ഡവും സംയോജിപ്പിച്ചു ഭ്രൂണം ഉരുവാക്കിയെടുത്ത് പ്രീതി ബെന്നിന്റെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു..
വളരെ സ്വഭാവികമായി നടന്ന ഈ സംഭവങ്ങൾക്കിടയിൽ തികച്ചും അപ്രതീക്ഷിതമായി ചില വഴിതിരിവുകൾ ഉണ്ടാകുന്നത് 2008 ജൂണിൽ യമദാ ദമ്പതികൾ വിവാഹ മോചനം നേടുന്നതോടെയാണ്.... പക്ഷേ അപ്പോഴേക്കും മാഞ്ചി ഭൂമിയിലേയ്ക്കുള്ള തന്റെ വരവിന്റെ അവസാന പാദങ്ങളിൽ ആയിരുന്നു.... 2008 ജൂലൈ 25ന് മാഞ്ചി ജന്മമെടുത്തു...
ഇകുഫുമി യമദയ്ക്കു കുഞ്ഞിന്റെ അവകാശം നിയമപരമായി നേടിയെടുത്ത് വളർത്താനുള്ള താല്പര്യം ഉണ്ടായിരുന്നു..... പക്ഷേ മുൻ ഭാര്യയായിരുന്ന യുകി അതിനോട് വിമുഖത കാണിച്ചു... അവരെ സംബന്ധിച്ചു ജൈവികമോ, നിയമപരമോ ആയ ഒരു ബന്ധവും ആ കുഞ്ഞിനോട് ഉണ്ടായിരുന്നില്ല... അതെ സമയം അണ്ഡദാതാവായ സ്ത്രീക്ക് ജൈവികമായും നിയമപരമായും ആ കുഞ്ഞിനോടുള്ള എല്ലാ അവകാശങ്ങളും കടമകളും അണ്ഡദാനം നടത്തിയതോടെ അവസാനിച്ചിരുന്നു.... പ്രീതി ബെൻ ആകട്ടെ surrogacy കോൺട്രാക്ട് ഒപ്പ് വച്ചതോടെ കുഞ്ഞിനോടുള്ള നിയമപരമായ എല്ലാ ബന്ധവും വിച്ഛേദിച്ചിരുന്നു..
ഇത്തരം നിയമപരമായ പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടുള്ള ഒരു മാർഗനിർദേശങ്ങളും വാടക ഗർഭധാരണത്തിന് മുന്നോടിയായുള്ള കരാറിൽ ഉണ്ടായിരുന്നില്ല.....
ആകെയുണ്ടായിരുന്ന ഒരു clause ഭാവിയിൽ ഒരു അവകാശതർക്കം ഉണ്ടായാൽ ബീജദാതാവ് ആകും നിയമപരമായ അവകാശി എന്നതായിരുന്നു...
അങ്ങനെ 3 അമ്മമാർ ഉണ്ടായിരുന്നിട്ടും മാഞ്ചി നിയമപരമായി മാതൃവാത്സല്യം നിഷേധിക്കപ്പെട്ടവളായി... ഇത്തരം സാഹചര്യങ്ങളെ മുൻകൂട്ടി കാണാത്ത ഒന്നായിരുന്നു അതുവരെ വന്ധ്യത ചികിത്സരംഗത്ത് നില നിന്നിരുന്ന നിയമങ്ങൾ....
അങ്ങനെ ഇന്ത്യയുടെയും ജപ്പാന്റെയും നിയമങ്ങൾക്ക് പരിഹരിക്കാൻ ആകാത്ത ഒരു പ്രഹേളികയായി മാറി ബേബി മാഞ്ചിയും അവളുടെ പൗരത്വവും.
25 ജൂലൈ 2008-ൽ മാഞ്ചി ജന്മമെടുത്തപ്പോൾ യുകി ഇന്ത്യയിലേയ്ക്ക് വന്നു കുഞ്ഞിനെ സ്വീകരിക്കാൻ വിസമ്മതിച്ചു.. ഒടുവിൽ യമദ ഒറ്റയ്ക്ക് ഇന്ത്യയിൽ എത്തി.
മാഞ്ചി ജനിച്ചു ഒരു ദിവസത്തിനകം അഹമ്മദാബാദിൽ 17 ഉഗ്ര സ്‌ഫോടനങ്ങൾ നടക്കുന്നു. അതിൽ നാല്പതോളം പേര് കൊല്ലപ്പെടുകയും ഇരുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതോടെ മാഞ്ചിയെ ആകാംഷ ക്ലിനിക്കിൽ നിന്നും രാജസ്ഥാനിലെ ആര്യ ഹോസ്പിറ്റലിലേക്ക് മാറ്റി. അവിടെവച്ചു കുഞ്ഞിനുണ്ടായ അണുബാധ അവളുടെ ആശുപത്രിവാസത്തിന്റെ കാലാവധി വർധിപ്പിച്ചു.
കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി സന്തുലിതമായതോടെ ഇക്കുഫുമി യമദ മാംഞ്ചിയെ ജപ്പാനിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു. അവിടെ തുടങ്ങി നിയമപ്രശ്നങ്ങളുടെ ഘോഷയാത്ര.
മാഞ്ചിയ്ക്കു ജാപ്പനീസ് എംബസ്സി വിസയോ പാസ്സ്പോർട്ടോ കൊടുക്കാൻ വിസമ്മതിച്ചു. അന്ന് നിലവിലിരുന്ന ജാപ്പനീസ് നിയമപ്രകാരം അമ്മ എന്നത് കുഞ്ഞിന് ജന്മം കൊടുക്കുന്ന സ്ത്രീ അതായത് പ്രീതി ബെൻ ആണ്. അവരാകട്ടെ ഇനിടാൻ നിയമപ്രകാരം കുഞ്ഞിന് മേൽ ഉള്ള എല്ലാ അവകാശങ്ങളും ഉപേക്ഷിച്ചിരുന്നു.
അടുത്തതായി യമദയ്ക്ക് ചെയ്യാൻ ഉണ്ടായിരുന്നത് ഇനിടാൻ സർക്കാരിനെ സമീപിക്കുക എന്നതായിരുന്നു. ഏതാണ്ട് ദത്തെടുക്കലിനോട് തുല്യമായ നടപടിക്രമം. പക്ഷെ ഇന്ത്യയിൽ നിലനിന്നിരുന്ന 133 വര്ഷം പഴക്കമുള്ള ഒരു നിയമം അതിനു വിഘാതമായി, 1890 -ലെ Guardians & Ward Act. ആ നിയമപ്രകാരം അവിവാഹിതരോ വിവാഹമോചനം നേടിയവരോ ആയ പുരുഷന്മാർക്ക് പെൺകുട്ടികളെ ദത്തെടുക്കാൻ പാടില്ല. പക്ഷെ ആകാംഷ ക്ലിനിക്കിന്റെ വാദം കുഞ്ഞിന്റെ ജൈവികമായ പിതൃത്വം യമദക്കായിരിക്കെ ദത്തെടുക്കേണ്ട ആവശ്യകതയേ ഇല്ല എന്നതായിരുന്നു. എന്തായാലും മഞ്ചിയ്ക്കു യമദയുടെ ഒപ്പം ആശുപത്രി വിട്ടുപോകാൻ ആയില്ല.
ജാപ്പനീസ് പാസ്പോര്ട്ട് കിട്ടാതെയായപ്പോൾ യമദ ഇന്ത്യൻ പാസ്സ്പോർട്ടിന് അപേക്ഷിച്ചു. പക്ഷെ അതിനായി ജനന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം, അതിൽ അച്ഛനമ്മമാരുടെ പേര് രേഖപ്പെടുത്തിയിരിക്കണം, അമ്മയുടെ സ്ഥാനത്തു ആരുടെ പേര് എന്നതിലാകട്ടെ അനിശ്ചിതത്വവും. അച്ഛനാവട്ടെ ഇന്ത്യൻ പൗരനുമല്ല. അത് കൊണ്ട് തന്നെ ഇന്ത്യൻ പാസ്സ്പോർട്ടിനായുള്ള അപേക്ഷ നിരസിക്കപ്പെട്ടു. രണ്ടു നിയമസംഹിതകൾക്കിടയിൽ അകപ്പെട്ടുപോയ ഒരച്ഛനും മകളും എന്നൊക്കെ വൈകാരികമായി പറയാം.
നിയമകുരുക്കുകൾ മുറുകി തുടങ്ങിയപ്പോൾ യമദ നിയമസഹായത്തിനായി ജയസിംഗ് എന്ന അഭിഭാഷകനെ സമീപിക്കുന്നു. അദ്ദേഹം ഹൈ കോർട്ടിൽ ഒരു ഹർജി സമർപ്പിക്കുന്നു. അങ്ങനെ ഒട്ടേറെ നിയമപോരാട്ടങ്ങൾക്കൊടുവിൽ 8 ഓഗസ്റ്റ് 2008 -ൽ ആനന്ദ് മുനിസിപ്പാലിറ്റി മാഞ്ചിയ്ക്കു ജനന സർട്ടിഫിക്കറ്റ് അനുവദിച്ചു. അച്ഛന്റെ പേരുമാത്രമുള്ള ജനന സർട്ടിഫിക്കറ്റ്.
ഈ കാലയളവിൽ യമദയുടെ മാതാവ് കുഞ്ഞിന്റെ പരിചരണം ഏറ്റെടുക്കുന്നതിനായി ഇന്ത്യയിലേയ്ക്ക് വന്നു. പക്ഷെ വിസ കാലാവധി കഴിഞ്ഞതോടെ അവർ മടങ്ങി പോയി. അവരും രാജസ്ഥാൻ ഹൈ കോർട്ടിൽ ഒരു ഹർജി ഫയൽ ചെയ്തു. അച്ഛൻ കഴിഞ്ഞാൽ നിലവിലുള്ള ഏറ്റവും അടുത്ത രക്ത ബന്ധു അവരായിരുന്നല്ലോ?
ഏകദേശം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്ന അവസ്ഥ വന്നപ്പോൾ അപ്രതീക്ഷിതമായ വേറൊരു പ്രതിസന്ധി മുന്നിലെത്തി. ജയ്‌പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സത്യ എന്നൊരു സംഘടനാ ഒരു ഹേബിയസ് കോർപ്പസ് ഹർജി കൊടുക്കുന്നു, മാഞ്ചിയെ legalized child trafficking -ന്റെ ഇരയായി അവർ ഉയർത്തിക്കാട്ടി. ആകാംഷയാകട്ടെ അതിനെതിരെ മാനനഷ്ട കേസ് കൊടുക്കും എന്ന് പ്രഖ്യാപിക്കുന്നു.
ഇത്രയൊക്കെ നിയമക്കുരുക്കുകൾക്കിടയിലും ഈ ആരോപണങ്ങളെ തള്ളി ഇന്ത്യയുടെ പരമോന്നത നീതിപീഠം മാഞ്ചിയുടെ സംരക്ഷണം ഏറ്റവും അടുത്ത രക്ത ബന്ധുവായ എമിക്കോ യമദ, അതായത് ഇക്കുഫുമിയുടെ മാതാവിന് നൽകുന്നു. ICMR മാർഗ്ഗ നിർദേശങ്ങളിൽ Biological Father -നു വാടക ഗര്ഭധാരണം വഴി ഉണ്ടാകുന്ന കുട്ടികളിൽ നിയമപരമായ അവകാശങ്ങൾ പറഞ്ഞിട്ടുണ്ട് എന്ന് ജയ് സിങ് കോടതിയിൽ ചൂണ്ടിക്കാട്ടി.
ഒരു മാസത്തിനു ശേഷം റീജിയണൽ പാസ്പോര്ട്ട് ഓഫീസ് മാഞ്ചിയുടെ ഐഡന്റിറ്റി സർട്ടിഫിക്കറ്റ് അനുവദിച്ചു നൽകി. അങ്ങനെ ആദ്യമായി പൗരത്വം രേഖപ്പെടുത്താതെ , അമ്മയുടെ പേര് നൽകാതെ, മതമില്ലാതെ ജപ്പാനിലേയ്ക് മാത്രം സാധുവായ ഒരു ഐഡന്റിറ്റി സർട്ടിഫിക്കറ്റ്/ തിരിച്ചറിയൽ രേഖ അനുവദിക്കപ്പെട്ടു.
27 ഒക്ടോബർ 2008 -ൽ ജപ്പാൻ എംബസ്സി, അപ്പോഴേയ്ക്കും 3 മാസം പ്രായമായ മഞ്ചിയ്ക്കു മാനുഷിക പരിഗണനയ്ക്കു വിധേയമായി ഒരു വർഷത്തെ വിസ അനുവദിച്ചു.
ഒരാഴ്ചയ്ക്ക് ശേഷം നവംബർ 2008 -ൽ മാഞ്ചി യമദ, ഇക്കുഫുമി,എമക്കോ എന്നിവർ ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഒസാകയ്‌ക്ക് പറന്നു.
2008 സെപ്റ്റംബറിൽ അന്നത്തെ ആരോഗ്യമന്ത്രി അൻപുമണി രാംദാസ് Surrogacy Agreement സാമ്പത്തിക നേട്ടത്തിന് ദുരുപയോഗം ചെയ്യപെടാതിരിക്കാൻ ICMR സഹകരണത്തോടെ ഒരു ഡ്രാഫ്റ്റ് ബിൽ കൊണ്ട് വന്നു. The surrogacy regulation act 2021 ആണ് ഈ രംഗത് ഇന്ന് നിലവിലുള്ള പ്രധന നിയമം. ഈ നിയമ നിര്മാണത്തിലേയ്ക് വഴി തെളിച്ചതിൽ "Baby Manchi vs Union of India " വഹിച്ച പങ്ക് ചെറുതല്ല.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ